രണ്ട് സാക്ഷികൾ


അന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ട് ഉടുത്തുംകൊണ്ട് ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.

അവർ ഭൂമിയുടെ കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ട് ഒലിവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.

ആരെങ്കിലും അവർക്കു ദോഷം ചെയ്‍വാൻ ഇച്ഛിച്ചാൽ അവരുടെ വായിൽനിന്നു തീ പുറപ്പെട്ട് അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും; അവർക്കു ദോഷം വരുത്തുവാൻ ഇച്ഛിക്കുന്നവൻ ഇങ്ങനെ മരിക്കേണ്ടിവരും.

അവരുടെ പ്രവചനകാലത്തു മഴ പെയ്യാതവണ്ണം ആകാശം അടച്ചുകളവാൻ അവർക്ക് അധികാരം ഉണ്ട്. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകല ബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ട്.

അവർ തങ്ങളുടെ സാക്ഷ്യം തികച്ചശേഷം ആഴത്തിൽനിന്നു കയറിവരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും.

അവരുടെ കർത്താവ് ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയിൽ അവരുടെ ശവം കിടക്കും.

സകല വംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നര ദിവസം കാണും; അവരുടെ ശവം കല്ലറയിൽ വയ്പാൻ സമ്മതിക്കയില്ല.

ഈ പ്രവാചകന്മാർ ഇരുവരും ഭൂമിയിൽ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ടു ഭൂവാസികൾ അവർ നിമിത്തം സന്തോഷിച്ച് ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയയ്ക്കയും ചെയ്യും.

മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തിൽനിന്നു ജീവശ്വാസം അവരിൽ വന്ന് അവർ കാൽ ഊന്നിനിന്നു -അവരെ കണ്ടവർ ഭയപരവശരായിത്തീർന്നു-

ഇവിടെ കയറിവരുവിൻ എന്ന് സ്വർഗത്തിൽനിന്ന് ഒരു മഹാശബ്ദം പറയുന്നതു കേട്ടു, അവർ മേഘത്തിൽ സ്വർഗത്തിലേക്കു കയറി; അവരുടെ ശത്രുക്കൾ അവരെ നോക്കിക്കൊണ്ടിരുന്നു.

ആ നാഴികയിൽ വലിയോരു ഭൂകമ്പം ഉണ്ടായി; നഗരത്തിൽ പത്തിലൊന്ന് ഇടിഞ്ഞുവീണു; ഭൂകമ്പത്തിൽ ഏഴായിരം പേർ മരിച്ചുപോയി; ശേഷിച്ചവർ ഭയപരവശരായി സ്വർഗത്തിലെ ദൈവത്തിനു മഹത്ത്വം കൊടുത്തു.

(വെളിപ്പാട് 11:3-13)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ